സ്ത്രീധനം

കേരളം - സംസ്കാരസമ്പന്നതയുടെയും വിദ്യാസമ്പന്നതയുടെയും ഉത്‌കൃഷ്‌ട മാതൃകയായി തെല്ലഹങ്കാരത്തോടെ നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന, ഇവിടെ കുറച്ചു നാളുകൾക്കു മുൻപ് നടന്ന ഒരു സംഭവത്തെ കുറിച്ച് ഒരു വിചിന്തനം വേണ്ടാതായി തോന്നി. കേരളമനസാക്ഷിയെ ഞെട്ടിച്ച ഒരു ആത്മഹത്യ അല്ല, സ്ത്രീധനകൊലപാതകം എന്ന് തന്നെ അതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. സ്ത്രീപുരുഷസമത്വത്തിന് ഏറെ പ്രാധാന്യവും സ്വീകാര്യതയും കൈവന്നിരിക്കുന്ന ഈ ആധുനികകാലഘട്ടത്തിൽ നമ്മെ ഭൂതകാലത്തിലെ അന്ധകാരത്തിലേക്കു വലിച്ചഴിച്ച അനിഷ്ടസംഭവത്തിന് നാം സാക്ഷിയാകേണ്ടിവന്നു.

പണ്ടെക്ക് പണ്ടേ ഉന്മൂലനം ചെയ്യേണ്ടിയിരുന്ന ഒരു സാമൂഹികതിന്മക്കു ഒരു മനുഷ്യജീവന്‍ കൂടി കുരുതി കൊടുത്തു നമ്മള്‍. സ്ത്രീജന്‍മങ്ങള്‍ക്ക് മാത്രം വിലയിടുന്ന പ്രബുദ്ധസമൂഹം. ഇതുതന്നെ ഒരു തെറ്റെന്നിരിക്കെ, അതില്‍ കുറവരോപിച്ചു ജീവിതത്തേകുറിച്ചു ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള ഒരു ഒരു പെണ്‍കുട്ടിയുടെ ജീവിതം തട്ടിത്തെറിപ്പിച്ചപ്പോള്‍ കൂലമഹിമയും തറവാടിത്തവും അന്തസ്സും ആവര്‍ത്തിച്ചാവർത്തിച്ചു അനുനിമിഷം പറയുന്ന നമുക്കൊക്കെ വായില്‍ നാവിറങ്ങിപ്പോയി. സ്ത്രീധനത്തിന്റെ പേരില്‍ മാനസികവും ശാരീരികമായും ഉള്ള ഉപദ്രവം താങ്ങാന്‍ ശേഷിയില്ലാതെ ആ പെണ്കുട്ടി സ്വന്തം ജീവനൊടുക്കി. ഇതിന് കരണക്കാരനായതോ, നമ്മുടെ പെണ്മക്കള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അന്വേഷിക്കുന്ന എല്ലാവിധ ഗുണകണങ്ങളും അവകാശപ്പെടാവുന്ന ഒരുത്തമപുരുഷനും. കുടുംബമഹിമ, തറവാടിത്തം, സര്‍കാര്‍ ജീവനം , ബാഹ്യസൌന്ദര്യം എല്ലാം അളവില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഒരു സ്ത്രീയെ അതും, സ്വന്തം ഭാര്യയെ ഒരു സ്ത്രീയായിപോലും പരിഗണന കൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു പുരുഷസമൂഹം സമൂഹത്തിലെ മൂല്യശോഷണത്തിന്റെ ലക്ഷണമാണ്. സ്വന്തം വീട്ടുകാർ പോലും തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നുള്ള തിരിച്ചറിവാണ് ആ പെൺകുട്ടിയെ ഈയൊരു കടുംകൈയിലേക്കു നയിച്ചതെന്ന് നിസംശയം പറയാം. ഇതാണോ നമ്മൾ സായത്തമാക്കിയ സാംസ്‌കാരികപൂർണത ? ഇതാണോ നമ്മൾ എത്തിച്ചേർന്നിരിക്കുന്ന പരിണാമത്തിൻ്റെ ഔന്നിത്യം ?

ബാലവിവാഹം പോലെ തന്നെ നിയമത്തിന്റെ കടിഞ്ഞാണ്‍ ഈ സാമൂഹികതിന്മക്കെതിരെയും ഉണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി, ഇപ്പൊഴും സര്‍വസാധര്‍ണമായി തുടര്‍ന്നുപോകുന്നു. വിവാഹം ചെയ്തുകൊടുക്കുന്ന സ്ത്രീക്ക് വിലയിടുന്ന ആചാരം എങ്ങനെ നമ്മുടെ സമൂഹത്തില്‍ ജാതിമതഭേദമന്യേ കടന്നുവന്നു ? ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പല പൌരാണിക സംസ്കാരങ്ങളിലും ഇപ്പോഴത്തേതില്‍ നിന്നു നേർ വിപരീതമായി പുരുഷന്‍ സ്ത്രീകള്‍ക്ക് ധനം കൈമാറുന്ന രീതി അല്ലെങ്കില്‍ മൊത്തമായി ധനയിടപാടുകൾ ഇല്ലായിരുന്നു എന്നു നമുക്ക് കാണാം. ഒരു സ്ത്രീ വിവാഹം ചെയ്തു ഭര്‍ത്താവിന്റെ ഗൃഹത്തിലേക്ക് പോകുമ്പോള്‍ , ആ സ്ത്രീ അത്രയും നാള്‍ സ്വന്തം ഗൃഹത്തില്‍ ചെയ്തിരുന്ന സേവനങ്ങള്‍ക്ക് പകരമായി പുരുഷന്‍ സ്ത്രീയുടെ ഗൃഹത്തിലേക്കാണ് സ്ത്രീധനം കൊടുത്തിരുന്നതെന്ന് കാണാം. പൂര്‍ണമായും ശെരിയല്ലെങ്കിലും ,നൈസർഗികമായി പരിണമിച്ച ഒരു സമൂഹം എത്തിച്ചേരുന്ന യുക്തിപരമായ ഒരാചാരമായി കാണാം. പിന്നീട് വേദാഷ്ഠിതസമൂഹത്തില്‍ ജാതിവ്യവസ്ദയുടെ ഉല്‍ഭാവത്തോടെ പുരുഷകേന്ദ്രീകിതമായ ഒരു കുടുംബവും സമൂഹവും സൃഷ്ടിക്കപ്പെടുകയുണ്ടായി . ഇങ്ങനെ ഒരു വ്യവസ്ഥയില്‍ പുരുഷന്‍ ഗൃഹനാഥനും സ്ത്രീ ഭവനത്തിലെ നാലു ചുവരുകളില്‍ തളചീടപ്പെട്ട അവസ്ദയുമുണ്ടായി. ഉന്നതകുലജാതര്‍ എന്നു സ്വയം അവകാശപ്പെട്ടിരുന്ന സവര്‍ണരുടെ ഇടയിലാണ് സ്ത്രീധനം എന്ന ദുരാചാരം ഉരുവായതെന്ന് നമുക്ക് ചരിത്രവിശകലനത്തിലൂടെ മനസ്സിലാക്കാം. നാളുകൾ കടന്നുപോയപ്പോൾ സ്ത്രീകളുടെ സ്‌ഥാനം സമൂഹത്തിൽ വീണ്ടും ശോഷിക്കുകയുണ്ടായി . ഈ സമൂഹതിന്മകൾ യാതൊരു നിയന്ത്രണവും കൂടാതെ അതിന്റെ വേരുകളാഴ്ത്തുകയുമുണ്ടായി.

ഈയൊരു അവസ്‌ഥാവിശേഷം മാറേണ്ട, അല്ല മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇതിനു മുന്നിട്ടിറങ്ങേണ്ടത് വിവാഹം കഴിക്കാൻ പോകുന്ന പുരുഷനും സ്ത്രീയുമാണ്. അവരുടെ ഉറച്ച തീരുമാനം ആണ് ഈ ഒരു അനാചാരത്തിനെതിരെയുള്ള ഏറ്റവും മൂർച്ചയുള്ള ആയുധം. ഈ കാലഘട്ടത്തിൽ സമാനമായ വിദ്യാഭ്യാസവും തൊഴിലും ജീവിതസാഹചര്യങ്ങളും ഉള്ള രണ്ടു ആളുകൾ ഒരുമിച്ചു ജീവിക്കുന്നതിനു ഒരു കച്ചവടസമാനമായ കൊടുക്കൽ-വാങ്ങലുകൾ തീർത്തും അനുചിതമാണ്, അന്ത്യം വരുത്തേണ്ടതുമാണ് . തനിക്കു ജീവിതാന്ത്യം തുണയാകേണ്ടുന്ന തന്റെ ഭാര്യയെ വിലക്ക്അ വാങ്ങേണ്ടതില്ലെന്നു പുരുഷനും ഒരു കച്ചവടവസ്തുവായി മാറേണ്ടതില്ലെന്നു സ്ത്രീയും ഉറച്ചു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു .ഇവരെപ്പോലെ തന്നെ, സ്വന്തം ചിന്താഗതിയും കാഴ്ചപ്പാടും ഇവരുടെ മാതാപിതാക്കളും മാറ്റേണ്ടിയിരിക്കുന്നു. ഒരു പെൺകുഞ്ഞുണ്ടായാൽ അവൾക്കു നല്ല വിദ്യാഭ്യാസവും മറ്റു ശിക്ഷണവും കൊടുത്തു വളർത്തുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതിനുപകരം അവളെ വിവാഹം കഴിച്ചയക്കുമ്പോൾ എത്ര പണം കണ്ടെത്തേണ്ടതുണ്ട് ? എത്ര പവൻ സ്വർണം കൊടുക്കേണ്ടതുണ്ട് ? എന്നാലോചിച്ചു അവളുടെ ജനനം മുതൽ പിരിമുറുക്കത്തിലും ഉത്കണ്ഠയിലും ജീവിക്കുന്ന അവസ്‌ഥയിൽ നിന്ന് മാറേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആളുകൾ പെൺകുട്ടികൾ ഉണ്ടാകണം എന്നാഗ്രഹിക്കാത്തതിന് മറ്റൊരു കാരണവും തേടിപോകേണ്ടതില്ല. നമ്മുടെ പെൺകുട്ടികളെ ആൺകുട്ടികൾക്ക് കൊടുക്കുന്ന അത്രയും തന്നെ വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും കൊടുത്തു സ്വന്തമായി ആഗ്രഹങ്ങളും തിരുമാനങ്ങളൂം അഭിപ്രായങ്ങളും ചിന്തകളും നിലപാടുകളുമുള്ള ശക്തരായ വനിതകൾ ആക്കി മാറ്റിയെടുക്കേണം .ഈ വിഷയത്തിൽ സമൂഹത്തിൻ്റെ പൊതുവെയുള്ള തികച്ചും പ്രാചീനമായതും കാലഹരണപെട്ടതുമായ കാഴ്ചപ്പാട് മാറേണ്ടതും ഈ സാമൂഹികതിന്മ തുടച്ചുനീക്കുന്നതിനു അത്യന്താപേക്ഷികമാണ്. ഒരു വിവാഹം കഴിയുമ്പോൾ എത്ര കിട്ടി ? എത്ര കൊടുത്തു? എന്നുള്ള രീതിയിലുള്ള ചോദ്യങ്ങൾക്കു ഒരവസാനം ഉണ്ടാകണം .ലോകത്തിലെ സകലചരാചരങ്ങളെപോലെ ജോഡികളായി ജീവിക്കുന്നതിനു ഒരു സാമ്പത്തികയിടപാടിൻ്റെ രീതിയിലേക്ക് മാറ്റുന്നത് തികച്ചും അനൗചിത്യപരമാണ്‌.

ഈ ഒരു ദുരാചാരവും കാലത്തിൻെറ കടന്നുപോക്കിൽ നാമാവശേഷമാക്കേണ്ടതു അനിവാര്യമാണ്. ഇനിയും ഈയൊരു സാമൂഹികതിന്മക്കു നമ്മുടെ പെൺകുട്ടികളെ കുരുതികൊടുക്കാൻ ഇടവരാതിരിക്കട്ടെ, അത് നമ്മുടെ കടമയും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. നമ്മുടെ പെൺകുട്ടികൾക്ക് വിലയിടുന്നത്, അവർക്കു നല്ല വിദ്യാഭ്യാസവും സ്വാതന്ത്ര്യവും അർഹമായ പ്രാതിനിധ്യം നൽകികൊണ്ടാകട്ടെ.

--

--